അസ്താന (കസാകിസ്താന്‍) : ചാര്‍ജ് ചെയ്യവേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കസാകിസ്താനിലെ ബസ്തോബില് ആല്‍വ അസെറ്റ്കിസി എന്ന പതിനാലുകാരിയാണ് മരിച്ചത്. പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പാട്ട് കേട്ട് ഉറങ്ങാന്‍ കിടക്കവേ ഫോണില്‍ ചാര്‍ജ് കുറഞ്ഞു. തുടര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം ഫോണ്‍ തലയിണയ്ക്കടുത്തായി വച്ചു. രാത്രി ഏറെ വൈകിയിട്ടും ചാര്‍ജില്‍ നിന്ന് മാറ്റാതിരുന്നതിനാല്‍ ഫോണ്‍ ബാറ്ററി അമിതമായി ചൂടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആല്‍വ ഒറ്റയ്ക്കൊരു മുറിയില്‍ കിടന്നിരുന്നതിനാല്‍ അപകടമുണ്ടായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
പുലര്‍ച്ചെ മകളെ ഉണര്‍ത്താനായി എത്തിയ അമ്മ, ആല്‍വയെ ചലനമറ്റ രീതിയില്‍ കണ്ടെത്തുകയായിരുന്നു. പൊട്ടിത്തെറിച്ച നിലയില്‍ മൊബൈല്‍ ഫോണും സമീപത്ത് നിന്നും കണ്ടെത്തി. ഉടന്‍ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ മകളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകളായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്കേറ്റ പരിക്കാണ് മരണകാരണമെന്നു ഡോക്ടര്‍ അറിയിച്ചത്.