തിരുവനന്തപുരം: ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. കേന്ദ്രാനുമതിയിലെ തടസ്സം കാരണം മന്ത്രി സജി ചെറിയാന്റെ യു.എ.ഇ യാത്രയും പാതി വഴിയില്‍ മുടങ്ങിയിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ യുഎസില്‍ നടക്കുന്ന ലോക കേരള സഭാ മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. യുഎസില്‍ ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരും യുഎസ് യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്ജുള്പ്പടെയുള്ളവരാണ് മുഖ്യമന്ത്രിക്കൊപ്പം പോകുന്നത്.