ഇന്നലെ രാത്രി സൗദിയിലെ ദമ്മാമിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ദമ്മാം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. രണ്ട് തവണ പറന്നുയർന്ന വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സൗദി സമയം 8.30ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 484 വിമാനത്തിലെ യാത്രക്കാരാണ് ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങിയത്.
യാത്രകാരുമായി കൃത്യ സമയത്ത് വിമാനം ടേക്ക്ഓഫ് ചെയ്തെങ്കിലും യന്ത്രതകരാറിനെ തുടർന്ന് മിനുറ്റുകൾക്കകം തിരിച്ചിറക്കി. മൂന്ന് മണിക്കൂറുകൾക്ക് ശേഷം യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും ഭൂരിഭാഗം വരുന്ന ഉംറ തീർഥാടകരെ വിമാനത്താവളത്തിൽ തന്നെ നിർത്തി.
തകരാറ് പരിഹരിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്തെങ്കിലും വീണ്ടും മിനുറ്റുകൾക്കകം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ പ്രതിഷേധവുമായി വിമാനത്താവളത്തിൽ കഴിയുകയാണിപ്പോൾ. ബംഗ്ലൂർ വഴി കണ്ണൂരിലേക്ക് ടിക്കറ്റെടുത്തവരും യാത്രക്കാരിലുണ്ട്.