ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന് നിയമിതനായിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നത്.
അമേരിക്കയുടെ സെക്കന്‍ഡ് ലേഡി, നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സാണ്. പരസ്യമായി പ്രഖ്യാപിക്കാത്ത എക്സിക്യൂട്ടീവ് നിയമനങ്ങളില്‍ ഇന്ത്യന്‍ വംശജരായ വിവേക് രാമസ്വാമി, കാഷ് പട്ടേല്‍, ഡോക്ടര്‍ ജെയ് ഭട്ടാചാര്യാ, ഹര്‍മിത് ധില്ലന് എന്നിവരും ഉള്‍പ്പെടുമെന്നാണ് വിലയിരുത്തലുകള്‍. ഹര്‍മിത് ധില്ലന് ഡിഫന്റര്‍ ഓഫ് സവില്‍ റൈറ്റ്സ് വകുപ്പിലും ,ഡോ. ജെയ് ഭട്ടാചാര്യ ഇന്നോവേറ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്തിലും, കാഷ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടറായും,വിവേക് രാമസ്വാമി സ്ട്രീമിംഗ് ഗവണ്മെന്റ് എഫിഷെന്‍സി വകുപ്പിലും ജനുവരി 20ന് ചുമതലയേല്‍ക്കുമെന്ന് വിവരങ്ങള്‍.
വൈറ്റ് ഹൗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേഷ്ടാവായി നിയമിതനായ ശ്രീറാം കൃഷ്ണന് സര്‍ക്കാരിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. പ്രസിഡന്റ്സ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചായിരിക്കും ശ്രീറാം കൃഷ്ണന് പ്രവര്‍ത്തിക്കുക. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അസൂര്‍ ടീമിന്റെ സ്ഥാപക അംഗമെന്ന നിലയില്‍ ശ്രീറാം കൃഷ്ണന്റെ കരിയറിലെ പ്രധാന നേട്ടങ്ങളെ കണക്കിലെടുത്താണ് ട്രംപ് ഇങ്ങനെയൊരു നിയമനം നടത്തിയത്. പേപാലിന്റെയും വൈറ്റ് ഹൗസ് എഐ & ക്രിപ്റ്റോയുടെയും മുന്‍ സിഒഒ ഡേവിഡ് ഒ സാക്സുമായി പ്രവര്‍ത്തിക്കാനുളള ആവേശം ശ്രീറാം കൃഷ്ണനും പങ്കുവെച്ചിട്ടുണ്ട്.