വാഷിംഗ്ടണ്‍: ലെബനനില്‍ ഇറാന് അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോവുകയും ഏഴ് വര്‍ഷം ബന്ദിയാക്കുകയും ചെയ്ത അമേരിക്കന്‍ പത്രപ്രവര്ത്തകന് ടെറി ആന്ഡേഴ്സണ് അന്തരിച്ചു. 76 വയസായിരുന്നു. ന്യൂയോര്‍ക്കിലെ ഗ്രീന്‍വുഡ് ലേക്കിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. ഹൃദയ പ്രശ്നങ്ങളാല്‍ വിശ്രമത്തിലായിരുന്നു. ആന്‍ഡേഴ്സന്റെ മകള്‍ സുലോമി ആന്‍ഡേഴ്സണാണ് മരണവിവരം അറിയിച്ചത്.
അസോസിയേറ്റഡ് പ്രസിന്റെ ബെയ്റൂട്ട് ബ്യൂറോ ചീഫായിരുന്നു ആന്ഡേഴ്സണ്. 1985-ല്‍ തട്ടിക്കൊണ്ടുപോയ ആന്‍ഡേഴ്സണെ 1991-ലാണ് ഭീകരര്‍ തടവില്‍ നിന്ന് മോചിപ്പിച്ചത്. 1985 മാര്‍ച്ച് 16-ന് രാവിലെ ടെന്നീസ് കളിക്കവെയാണ് മൂന്ന് തോക്കുധാരികള്‍ ടെറി ആന്‍ഡേഴ്സനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ഉത്തരവാദിത്തം ഇറാന് അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.