ന്യൂഡല്‍ഹി: ഇന്ത്യ പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായിട്ടാണ് പ്രധാനമന്ത്രി എത്തുക. 45 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ല്‍ മൊറാര്‍ജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദര്‍ശിച്ചത്.
നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, തന്ത്രപര മേഖലകള്‍, പ്രതിരോധം, സാംസ്കാരിക രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓഗസ്റ്റ് 21,22 തീയതികളില്‍ പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദര്‍ശനം നടക്കുന്നത്. പോളണ്ടില്‍നിന്ന് പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകും. 23നാണ് യുക്രൈന് സന്ദര്‍ശനം.
പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്
വാഴ്സയിലേക്ക് തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികമെന്ന പ്രത്യേക വേളയിലാണ് ഈ സന്ദര്‍ശനം. പോളണ്ടുമായി ആഴത്തില്‍ വേരോടിയ സൗഹൃദം ഇന്ത്യ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നു. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ ബന്ധത്തെ വീണ്ടും കരുത്തുറ്റതാക്കുന്നു. പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡെ, പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്ക് എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും പോളണ്ടിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും പോളണ്ടിലേക്കു പോകും മുന്‍പ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.