ന്യൂഡല്‍ഹി: പുതിയ ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കുന്നതിതൻ്റെ ഭാഗമായി ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍. ഉദ്യോഗസ്ഥൻ്റെ വിവരങ്ങള്‍ ഉടനെ മന്ത്രാലയവുമായി പങ്കുവയ്ക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ഐ.ടി ഇന്റര്‍മീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്ന് കാണിച്ചു കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു അതിന് പിന്നാലെയാണ് നടപടി.
ട്വിറ്റര്‍ ഒഴികെയുള്ള സോഷ്യല്‍ മീഡിയ കമ്പനികളെല്ലാം ഐ.ടി ചട്ടം പ്രാബല്യത്തില്‍ വന്നതോടെ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ പുതിയ ഐ.ടി ചട്ടം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കും എന്നാരോപിച്ച ട്വിറ്റര്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തിയത്.
പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നടപ്പാക്കാനുളള അവസാന തീയതി മേയ് 25ന് ആയിരുന്നു. എന്നാല്‍ ഐ.ടി നിയമങ്ങള്‍ നടപ്പാക്കാന്‍ കാലതാമസം വന്നതോടെ കേന്ദ്രം കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുകയായിരുന്നു. പങ്കുവയ്ക്കപ്പെടുന്ന ഉള്ളടക്കത്തിന്മേല് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ് പുതിയ നിയമം.