നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ 8.30 ഓടെ തകർന്നു വീണത്.കുട്ടികൾ ക്ലാസുകളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. 154 വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നുവെങ്കിലും രക്ഷാപ്രവർത്തകരും സുരക്ഷ സേനയും ചേര്‍ന്ന് 132 പേരെ രക്ഷപ്പെടുത്തുകയായിരുന്നു.
നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു.രേഖകളോ പണമോ ഇല്ലാതെ അപകടത്തില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ചികിത്സ നല്‍കണമെന്ന് സർക്കാർ ആശുപത്രികൾക്ക് നിർദേശം നൽകി.സ്കൂളിൻ്റെ ദുർബലമായ ഘടനയാണ് ദുരന്തത്തിന് കാരണമെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു. സമാനമായ പ്രശ്നങ്ങൾ നേരിടുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.