ടെല്‍ അവീവ്: ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ കനത്ത മറുപടി നല്കി തുടങ്ങിയിരിക്കുകയാണ്. അഞ്ചാം ദിവസവും സമാനതകളില്ലാതെ യുദ്ധം നടക്കുമ്ബോള്‍ ഇസ്രായേല്‍ കരമാര്‍ഗമുള്ള യുദ്ധത്തിലേക്ക് കടക്കുകയാണ്.
ആയിരക്കണക്കിന് ഇസ്രായേല്‍ സൈനികരാണ് ഗാസ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. ഹമാസിന്റെ എല്ലാ നേതാക്കളെയും കൊല്ലുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ യുദ്ധത്തിന് ഇറങ്ങിതിരിച്ചിരിക്കുന്നത്.
വമ്ബൻ തിരിച്ചടി കൊടുക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു. ഗാസയില്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി, ഇന്ധനം, വെള്ളം എന്നിവയുടെ വിതരണമാണ് വെട്ടിക്കുറച്ചത്. ഗാസയിലെ ഏക പവര്‍ സ്റ്റേഷനില്‍ ഇന്ന് ഇന്ധനം തീരുമെന്ന് പാലസ്തീൻ എനര്‍ജി അതോറിറ്റി മേധാവി പറഞ്ഞു.
ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാല്‍ ഇത് അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാര്‍ക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രായേല്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചര്‍ച്ച തുടങ്ങിയതായി അമേരിക്ക അറിയിച്ചു.
ഹമാസ് ഭീകരാക്രമണത്തില്‍ ഇസ്രായേലില്‍ 123 സൈനികര്‍ അടക്കം 1200 പേര് മരണപ്പെട്ടു. ഗാസയില്‍ 1055 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങള്‍ വഴി ആക്രമണം നടത്തിയത്. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.