ന്യൂയോര്‍ക്കിലെ സിറക്യൂസില്‍ നടന്ന സ്ട്രീറ്റ് പാര്‍ട്ടിക്കിടെ് വന്‍സംഘര്‍ഷമുണ്ടായി. ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളത്. അഞ്ചുപേര്‍ക്ക് കുത്തേറ്റു. കാറിടിച്ചും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശികസമയം ഞായറാഴ്ച പുലര്‍ച്ച 12.22-ഓടെയാണ് സിറക്യൂസിലെ ഡേവിസ് സ്ട്രീറ്റിലെ 100 ബ്ലോക്കില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതെന്ന് സിറക്യൂസ് പോലീസ് വക്താവ് മാത്യൂ മാലിനോസ്കി പ്രതികരിച്ചു. പരിക്കേറ്റവരില്‍ പത്തുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്. 17-നും 25-നും ഇടയിലാണ് ഇവരുടെ പ്രായം. പരിക്കേറ്റവരെ തെരുവില്‍നിന്നും ആശുപത്രിയില്‍നിന്നുമാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേരാണ് തെരുവില്‍ ഒത്തുകൂടിയിരുന്നത്. ഇതിനിടെയാണ് സംഘര്‍ഷവും വെടിവെപ്പുമുണ്ടായത്. കൈകളിലും വയറിലുമാണ് പലര്‍ക്കും വെടിയേറ്റത്. കുത്തേറ്റവരില്‍ തലയ്ക്കും കൈകാലുകള്‍ക്കും വയറിനും പരിക്കേറ്റവരുണ്ട്. കാറിടിച്ചും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഡേവിസ് സ്ട്രീറ്റില്‍ പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. എന്നാല്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും തെരുവുകളില്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും റോഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.