സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച്ചക്കും ചര്‍ച്ചകള്‍ക്കും സിംഗപ്പൂരില്‍ തുടക്കമായി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 6.30ന് സെന്റോസ് ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ആദ്യം നടത്തിയ വണ്‍-ഓണ്‍-വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ട്രംപ് പറഞ്ഞു. പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്-കിം പ്രതികരിച്ചു.
#WATCH: US President Donald Trump and North Korean leader Kim Jong Un at #SingaporeSummit at Sentosa Island. pic.twitter.com/R1m745mpIE
— ANI (@ANI) June 12, 2018
അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ടും ഉത്തര കൊറിയന്‍ ഭരണാധികാരിയും നേരില്‍ കാണുന്നത്. 1950-53 കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ ഇരു രാജ്യത്തേയും ഭരണാധികാരികള്‍ തമ്മില്‍ ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിരുന്നില്ല.
ഇനി നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ ചര്‍ച്ച. ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയാകും. ചര്‍ച്ച വിജയകരമാവുമെന്നാണ് പ്രതീക്ഷയെന്ന് ഇരുനേതാക്കളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.