യുഎസിൻ്റെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംപിന്റെയും, വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പങ്കെടുക്കും. സന്ദർശന വേളയിൽ ഇൻകമിംഗ് അഡ്മിനിസ്ട്രേഷൻ്റെ പ്രതിനിധികളുമായും, മറ്റ് വിശിഷ്ടാതിഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. യുഎസിൻ്റെ 47-ാമത് പ്രസിഡന്റായാണ് ഡൊണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്.
കഴിഞ്ഞ വർഷം നവംബർ 6 ന് ആയിരുന്നു യു എസ് ഇലക്ഷൻ. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പരാജയപ്പെടുത്തി 277 ഇലക്ടറല്‍ വോട്ട് നേടിയായിരുന്നു ട്രംപിന്റെ ഉജ്ജ്വല വിജയം. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. 2020-ൽ ജോ ബൈഡനോട് തോറ്റ ട്രംപ് രണ്ടാമതും തിരികെ വരുമെന്ന് അന്നേ പ്രഖ്യാപിച്ചതായിരുന്നു. പിന്നീട് ഏറെ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച അമേരിക്കൻ ജനത ഒടുവിൽ അധികാരം ട്രംപിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഉദ്ഘാടന പ്രസംഗവും വിവിധ പരിപാടികളും നടക്കും.