മധ്യ ഇന്തോനേഷ്യയിൽ സ്ത്രീയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്തോനേഷ്യയിലെ കലംപാങ് സ്വദേശിനിയും 45-കാരിയുമായ ഫാരിദയാണ് പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കാണതായത്. തുടർന്ന് തെരച്ചില്‍ നടക്കുന്നതിനിടെയാണ് വലിയ വയറുമായി ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്ന് വയർ കീറി പരിശോധിച്ചു. ഇതോടെയാണ് മദ്ധ്യവയസ്കയെ പാമ്പ് വിഴുങ്ങിയതാണെന്ന് മനസിലായതെന്ന് ഗ്രാമത്തലവൻ സുർദി റോസി പറഞ്ഞു.
ഇന്തോനേഷ്യയിൽ കഴിഞ്ഞ വർഷങ്ങളില്‍ സമാനമായി നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ വർഷം ടിനാംഗേ ഗ്രാമത്തിലെ കർഷകരിൽ ഒരാളെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയിരുന്നു. ഇയാളെ വിഴുങ്ങുന്നതിനിടെയാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്.