തുര്‍ക്കി: ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 16000 കടന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുവര്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ തുടര്‍ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. ബുധനാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് മരണസംഖ്യ വര്‍ധിച്ചത്.
തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്ന ജനരോഷങ്ങള്ക്കിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന് ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി അളക്കാന്‍ ആയിട്ടില്ലെന്ന് എര്ദോഗന് പറഞ്ഞു.
ലോകാരോഗ്യ സംഘടന.പറയുന്നത്.
മരണസംഖ്യ 20000 കടക്കുമെന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഭൂകമ്പമുണ്ടായി 72 മണിക്കൂര്‍ പിന്നിട്ടിട്ടും ഇപ്പോഴും കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങള്‍ വന്‍ ശബ്ദത്തോടെ നിലംപതിച്ചപ്പോള്‍ അതിനിടയില്‍ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്റെ ഭാരം പേറുന്നു.
രണ്ട് രാജ്യങ്ങളിലുമായി 2.3 കോടി ജനങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന താപനിലയോടും ഇടയ്ക്കിടെ പെയ്യുന്ന മഴയോടും മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ ഉയരുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്.
ഇന്ത്യന്‍ കൈത്താങ്ങ് തുടരുന്നു.
ദുരന്തബാധിത മേഖലയില്‍ കുടുങ്ങിയ 10 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യാപാര ആവശ്യത്തിനായി പോയി കാണാതായ ബംഗളൂരു സ്വദേശിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കൈത്താങ്ങ് തുടരുന്നു. ഓപ്പറേഷന് ദോസ്തിന്റെ ഭാഗമായി വ്യോമസേനയുടെ 7 വിമാനങ്ങള്‍ ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടു. 150ലധികം രക്ഷാപ്രവര്‍ത്തകരും നൂറില്‍ അധികം ആരോഗ്യ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.