കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 320 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമാണ് അഫ്ഗാനില്‍ വന്‍ നാശം വിതച്ചത്. പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
ഈ മേഖലയില്‍ ഏഴോളം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നല്കുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ നാലിനും അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.