ജെറുസലാം: ഇസ്രയേല്‍ നേരിട്ടത് മുന്നറിയിപ്പില്ലാത്ത യുദ്ധമെന്ന് മലയാളി ഷൈനി ബാബു . തിരുനാള്‍ ആഘോഷിക്കുന്ന, പ്രാര്‍ഥനയില്‍ കഴിയുന്ന ദിവസം ആക്രമിച്ചത് കരുതിക്കൂട്ടിയാണ്. പോരാട്ടങ്ങള്‍ നടക്കാറുണ്ട്, പക്ഷേ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത് ഏറെ നാളുകള്‍ക്കുശേഷമാണ്. നുഴഞ്ഞു കയറിയവര്‍ തെരുവുകളില്‍ ആക്രമണം നടത്തുന്നു. നിരപരാധികളെ വെടിവയ്ക്കുന്നെന്നും ഷൈനി ബാബു പറഞ്ഞു.
ഇസ്രയേലില്‍ ഹമാസിന്റെ മിന്നലാക്രണത്തില്‍ 22 പേര് കൊല്ലപ്പെട്ടു. ഗാസയില്‍നിന്ന് കരയിലൂടെയും കടലിലൂടെയും ദക്ഷിണ ഇസ്രയേലിലേക്ക് തോക്കുധാരികളായ ഹമാസ് വിഭാഗം നുഴഞ്ഞുകയറുകയായിരുന്നു. അതോടൊപ്പം റോക്കറ്റുകളും വര്‍ഷിച്ചു. ഇസ്രയേലിലേക്ക് 5,000 റോക്കറ്റുകള്‍ വര്‍ഷിച്ചെന്ന് ഹമാസ് അവകാശപ്പെട്ടു. കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. ഗാസ ലക്ഷ്യമാക്കി ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചു. 2021ലെ 10 ദിവസത്തെ യുദ്ധത്തിനുശേഷം ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണ്. ഇത് യുദ്ധമാണെന്നും അതില്‍ വിജയിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു
ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിയുന്നത്ര വീടുകള്‍ക്കുള്ളില്‍ തുടരണമെന്നും വിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും നല്കി. ഭീകരാക്രമണമാണുണ്ടായതെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നോര് ഗിലോണ്‍ പറഞ്ഞു. രണ്ടായിരത്തിലേറെ റോക്കറ്റുകളാണ് ഇസ്രായേലിലെ ജനവാസ മേഖലകളിലേക്ക് തൊടുത്തത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അംബാസഡര്‍ നോര് ഗിലോണ്‍ .