ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന ക്രിക്കറ്റില്‍ നിന്നും ഫിഞ്ച് നേരത്തെ വിരമിച്ചിരുന്നു. ഇപ്പോള്‍ രാജ്യാന്തര ടി20യില്‍ നിന്നും വിരമിക്കുന്നതോടെ ഫിഞ്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ അവസാനിപ്പിക്കുകയാണ്. 103 ടി20യില്‍ നിന്ന് 3120 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 142 ഏകദിനങ്ങളില്‍ നിന്ന് 17 സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും സഹിതം 5406 റണ്‍സ് എടുത്തിട്ടുണ്ട്. അഞ്ച് ടെസ്റ്റില്‍ നിന്നായി 278 റണ്‍സും നേടിയിട്ടുണ്ട്.
2024ല്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ കളിക്കില്ലെന്ന തിരിച്ചറിവിലാണ് കൃത്യസമയത്ത് തന്നെ കളി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ഫിഞ്ച് പറഞ്ഞു. ലോകകപ്പിന് ഒരുങ്ങാന്‍ ടീമിനും പുതിയ നായകനും മതിയായ അവസരം ഒരുക്കാന്‍ പറ്റിയ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 2022 സെപ്റ്റംബറിലാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ദീര്‍ഘകാലമായി ഓസ്ട്രേലിയയുടെ ഏകദിന, ടി20 ക്യാപ്റ്റനായിരുന്നു ഫിഞ്ച്. ഓസ്ട്രേലിയക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകന് കൂടിയാണ്. ടി20 മത്സരത്തിലെ ഏറ്റവുമുയര്‍ന്ന സ്കോറിനുടമയും ഫിഞ്ചാണ്. സിംബാബ് വെക്കെതിരെ നേടിയ 76 പന്തില്‍ 172 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍