മനില: ഫിലിപ്പീൻസിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ടുകൾ.ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. മിന്ദാനോവിൽ ആയിരുന്നു ഭൂചലനം. പ്രദേശത്ത് 82 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂചലനത്തിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടെന്നാണ് വിവരം. ഭൂചലന ബാധിത മേഖലകളിൽ അധികൃതർ എത്തി പരിശോധന നടത്തി. വലിയ പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം. ഇതേ തുടർന്ന് ആളുകൾ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി.
അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. ശനിയാഴ്ചയും ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് ജീവഹാനിയുണ്ടായെന്നാണ് റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്.