ധാക്ക: ഒഡീഷയിലും ബംഗാളിലും വന്‍നാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് കാറ്റ് ബംഗ്ലാദേശിലെത്തിയത്.
ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15 പേര് മരിച്ചതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ 12ഉം 7ഉം വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മിന്നലേറ്റാണ് ബംഗ്ലാദേശില്‍ കൂടുതല്‍ പേരും കൊലപ്പെട്ടത്. മുന്‍കരുതലെന്ന നിലയില്‍ അഞ്ച് ലക്ഷത്തോളം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും മണിക്കൂറില്‍ 240 കിമീ വേഗതയില്‍ ഒഡീഷന് തീരത്തേക്ക് പ്രവേശിച്ച ഫൊനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് പ്രവേശിക്കുമ്പോഴേക്കും തീവ്രതയില്‍ കുറവ് വന്നിരുന്നു. നിലവില്‍ 70 കിമീ വരെ വേഗതയിലാണ് കാറ്റ് ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്നത്. അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.