ടോക്യോ: ഇഷിക്കാവയിലുണ്ടായ ശക്തമായ ഭൂചനങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്പത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് മുന്നറിയിപ്പിന്റെ തീവ്രത കുറച്ചു. തീരമേഖലയില്‍ നിന്ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാൻ നിര്‍ദേശം നല്‍കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആകെ 155 ഭൂചലനങ്ങള്‍ മേഖലയില്‍ അനുഭവപ്പെട്ടതായാണ് ജപ്പാൻ ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വരുംദിവസങ്ങളില്‍ തുടര്‍ചലനങ്ങള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇഷിക്കാവയില്‍ പലയിടത്തും റോഡും വൈദ്യുതിവിതരണവും തകര്‍ന്നു. 33,000 വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്.