തായ്പേ: തായ്വാനില് 460 അടി നീളമുള്ള (140 മീറ്റര്‍) പാലം തകര്‍ന്നുവീണു. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് തകര്‍ന്നുവീണത്. തായ്വാനിലെ നാന്ഫാങ്കോയിലാണ് അപകടമുണ്ടായത്. തകര്‍ന്നുവീഴുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആറോളം പേരെ കാണാതായി. ചൊവ്വാഴ്ച രാവിലെയാണ് പാലം തകര്‍ന്നത്. ആ സമയം പാലത്തിലൂടെ പോകുകയായിരുന്ന വാഹനം തകര്‍ന്ന് താഴെ വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. താഴെയുണ്ടായിരുന്ന മീന്‍പിടുത്ത ബോട്ടുകള്‍ക്ക് മുകളിലാണ് പാലം വീണത്. ബോട്ടുകള്‍ തവിടുപൊടിയായെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
12 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേര് ഫിലിപ്പീന് സ്വദേശികളാണ്. മൂന്ന് പേര് ഇന്തോനേഷ്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുമാണ്. ബാക്കിയുള്ള മൂന്ന് പേര് തായ്വാന് സ്വദേശികളാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് ആറ് പേരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ അപകടത്തില്പ്പെട്ടിരിക്കാമെന്നുമാണ് കരുതുന്നത്.