മുംബൈ: ഡിസംബര്‍ 12നാണ് മുകേഷ്-നിതാ അംബാനിമാരുടെ മകള്‍ ഇഷയും, അജയ്-സ്വാതി പിരമളിന്റെ മകന് ആനന്ദും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഉദയ്പൂരില്‍ നടക്കുന്ന വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വധുവരന്മാര് പോകുന്നത് കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിലേക്കാണെന്നതാണ് പുതിയ വാര്‍ത്ത.
അഞ്ച് നിലകളും കടലിനെ അഭിമുഖീകരിക്കുന്നതാണ് മുംബൈയിലെ ഈ വീട്. ഹിന്ദുസ്ഥാന്‍ യൂണീലിവറില്‍ നിന്ന് 450 കോടി രൂപയ്ക്ക് 2012ലാണ് അജയ് പിരാമല്‍ ഈ വീട് സ്വന്തമാക്കിയത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമെടുത്ത് പുതുക്കിപ്പണിയുകയായിരുന്നു. അതിനും ചെലവഴിച്ചത് കോടികള്‍. മുകേഷ് അംബാനിയുടെ 14,000 കോടി രൂപയുടെ ആന്റില എന്ന ബംഗ്ലാവിലാണ് ഇഷ ഇതുവരെ താമസിച്ചിരുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്മാന് മുകേഷ് അംബാനി. ഫോബ്സിന്റെ ഈ വര്‍ഷത്തെ സമ്പന്ന പട്ടിക അനുസരിച്ച് 4730 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത് 3.31 ലക്ഷം കോടി രൂപ. ഇന്ത്യക്കാരായ സമ്പന്നരില്‍ 24ാം സ്ഥാനത്താണ് അജയ് പിരാമല്‍. ഫാര്‍മ രംഗത്ത് പ്രവര്‍ത്തിക്കുന്ന പിരാമല്‍ എന്റര്‍പ്രൈസസിന്റെ ചെയര്‍മാനായ അദ്ദേഹത്തിന്റെ ആസ്തി 500 കോടി ഡോളറാണ്.