കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. വടകരയിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ അരൂര്‍ സ്വദേശിയായ ബിനു (38)വിനെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന കീഴല്‍ സ്വദേശി ബാബുരാജ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്ഷേമ പെന്ഷന് അടയ്ക്കാന്‍ വടകര കേരള ബാങ്കിന്റെ ശാഖയില്‍ എത്തിയതായിരുന്നു ബിനുവും ബാബുരാജും. ഊഴം കാത്ത് നില്‍ക്കുന്നതിനിടെ ബിനു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് നിന്ന ബാബുരാജ് അവസരോചിതമായി ഇടപെട്ട് ബിനുവിന്റെ കാലില്‍ പിടുത്തമിട്ടു. കൈവരിയോട് കാല് ചേര്‍ത്തു പിടിച്ച് മനസാന്നിധ്യം കൈവിടാതെ നിന്നു. ഇതിനിടെ ബാങ്കിലുണ്ടായിരുന്ന മറ്റ് ആളുകളും എത്തി ബിനുവിനെ മുകളിലേയ്ക്ക് കയറ്റി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേയ്ക്ക് വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര് ബാബുരാജിനെ അഭിനന്ദിച്ച് രംഗത്തെത്തി.
https://www.facebook.com/watch/?v=1403023603423883