ലക്നൌ: ഉത്തര്‍പ്രദേശിലെ ലക്നൌവില് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ആക്രമണം. ലക്നൌവിലെ തിരക്കേറിയ തെരുവിലായിരുന്നു അക്രമം നടന്നത്. ഉണക്കിയ പഴങ്ങള്‍ വില്‍ക്കുകയായിരുന്ന കശ്മീരി കച്ചവടക്കാര്‍ക്ക് നേരെയായിരുന്നു അക്രമം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിന്റെ വീഡയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വഴിയരികിലിരുന്ന് പഴങ്ങള്‍ വില്‍ക്കുകയായിരുന്ന കച്ചവടക്കാരെ കാവി വസ്ത്രധാരികളായ രണ്ട് പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആക്രമിക്കരുതെന്ന് യുവാക്കള്‍ അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. കശ്മീരികളായതുകൊണ്ടാണ് ഇവരെ ആക്രമിക്കുന്നതെന്ന് അക്രമികള്‍ വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ലക്നോവില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ് അക്രമത്തിനിരകളായ കച്ചവടക്കാര്‍. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും, ഇയാള്‍ക്കെതിരെ ക്രമസമാധാനം തകര്‍ത്തതിനും കലാപ ശ്രമത്തിനും കേസെടുത്തതായും പൊലീസ് അറിയിച്ചു.