ജയ്പൂരിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് നഹര്‍ഗഡ് കോട്ട. ആരവല്ലി മലനിരകളില്‍ ജയ്പൂര്‍ നഗരത്തെ നോക്കി നില്ക്കുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കോട്ട നഗരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിര്‍മ്മിച്ചത്. 1734-ല്‍ ജയ്പൂര്‍ രാജാവായിരുന്ന സവായ് ജയ്സിംഗാണ് കോട്ട നിര്‍മ്മാണം ആരംഭിക്കുന്നത്. ഇന്തോ-യൂറോപ്യന്‍ വാസ്തുവിദ്യകളുടെ സങ്കലനമാണ് ഈ കോട്ട. കോട്ടയ്ക്കുള്ളില്‍ കയറിയാല്‍ ഒരു കൊട്ടാരത്തില്‍ കയറിയ പ്രതീതിയാണ്. അത്രത്തോളം ആഡംബരം നിറഞ്ഞ കാഴ്ചകളാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്.
കോട്ടയ്ക്കുള്ളിലെ ക്ഷേത്രത്തില്‍ പോലും നിര്‍മ്മാണത്തിലെ ആഡംബരം കാണുവാന്‍ കഴിയും. മറ്റേതു കോട്ടയേയും പോലെ തന്നെ രാജ്യ സുരക്ഷയ്ക്കായി വേണ്ടിയാണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള പല പ്രത്യേകതകളും ഇതില്‍ കാണാം. അതില്‍ പ്രധാനപ്പെട്ടതാണ് ഇവിടെയുള്ള തുരങ്കം.
ഈ കോട്ടയെ രാജസ്ഥാനിലെ മറ്റൊരു പ്രധാനപ്പെട്ട കോട്ടയായ ആംബര്‍ കോട്ടയുമായി ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങള്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് റസിഡന്റിന്റെ ഭാര്യയെ ശത്രുക്കളുടെ കൈയില്‍ പെടാതെ താമസിപ്പിച്ച ഇടം ഇതാണെന്നാണ് അറിയപ്പെടുന്നത്.