കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും. സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 135 കോടി രൂപയാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി കണ്ട് തകര്‍ന്നിരിക്കുകയാണെന്ന്, ഇന്ത്യയ്ക്കുള്ള സഹായം പ്രഖ്യാപിച്ച ട്വീറ്റില്‍ പിച്ചൈ കുറിച്ചു. യൂനിസെഫ്, ഓണ്‍ലൈന്‍ ഡൊണേഷന്‍ പ്ലാറ്റ്ഫോമായ ‘ഗിവ് ഇന്ത്യ’ എന്നിവയുടെ അടക്കമുള്ള അടിയന്തര മെഡിക്കല്‍ സഹായങ്ങളിലേക്കായാണ് വലിയ തുക നല്‍കുന്നതായി പിച്ചൈ അറിയിച്ചിരിക്കുന്നത്.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ പ്രാദേശിക സര്‍ക്കാരുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യന്‍ മേധാവി സഞ്ജയ് ഗുപ്തയും അറിയിച്ചിട്ടുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായുമിരിക്കാന്‍ ജനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്കാന് കൂടുതല്‍ എന്തു ചെയ്യാനാകുമെന്ന കാര്യം ആലോചിക്കുകയാണെന്നും ഗുപ്ത പറഞ്ഞു.
ഇപ്പോള്‍ 135 കോടി രൂപയാണ് ഇന്ത്യയ്ക്കു വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഗൂഗിള്‍ ഡോട്ട് ഓര്ഗിന്റെയും ഗൂഗിള്‍ ജീവകാരുണ്യ വിഭാഗത്തിന്റെയും 20 കോടി വരുന്ന രണ്ട് ഗ്രാന്റുകള്‍ ഉള്‍പ്പെടും. ആദ്യത്തെ ഗ്രാന്റ് ‘ഗിവ് ഇന്ത്യ’യ്ക്കാണ് നല്‍കുന്നത്. പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച കുടുംബങ്ങള്‍ക്ക് ദൈനംദിന ചെലവുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായമാണ് ‘ഗിവ് ഇന്ത്യ’ നല്‍കുക.
രണ്ടാമത്തെ ഗ്രാന്റ് യൂനിസെഫിനും കൈമാറും. ഓക്സിജനും ടെസ്റ്റിംഗ് സാമഗ്രികളും ഉള്‍പ്പെടെയുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ എത്തിക്കാനായാണ് യൂനിസെഫിന് ഗ്രാന്റ് നല്‍കുന്നത്.
പദ്ധതിയിലേക്കായി 900 ത്തോളം ഗൂഗിള്‍ ജീവനക്കാര്‍ ചേര്‍ന്ന് 3.7 കോടി രൂപ സംഭാവന നല്‍കിയതായി സഞ്ജയ് ഗുപ്ത പറഞ്ഞു.
Devastated to see the worsening Covid crisis in India. Google & Googlers are providing Rs 135 Crore in funding to @GiveIndia, @UNICEF for medical supplies, orgs supporting high-risk communities, and grants to help spread critical information.https://t.co/OHJ79iEzZH
— Sundar Pichai (@sundarpichai) April 26, 2021