ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഒരു വൃക്ക വില്‍ക്കണമെന്നാണ് പൊതുവേയുള്ള സംസാരം. ഫോണുകളുടെ കാര്യത്തിലും ലാപ്ടോപ്പുകളുടെ കാര്യത്തിലും ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില. ഇപ്പോഴിതാ മറ്റൊരു ഉത്പന്നം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. പോളിഷിംഗ് ക്ലോത്ത് ആണ് പുതിയ പ്രൊഡക്ട്.
ആപ്പിളിന്റെ സിഗ്നേച്ചര്‍ ലോഗോ പതിപ്പിച്ചിരിക്കുന്ന ഈ തുണി ഐഫോണ്‍, ഐമാക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നതാണ്. 1,900 രൂപയാണ് ഈ തുണിയുടെ വില. ആപ്പിള്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി വൃത്തിയാക്കാന്‍ ഈ തുണിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം പോളിഷിംഗ് ക്ലോത്തിന്റെ വിലയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളാണ് ട്വിറ്ററില്‍ തരംഗം. ആപ്പിള്‍ മാക്ക് ബുക്കിന്റെ വില കേട്ട് കണ്ണ് നിറയുമ്പോള്‍ തുടയ്ക്കാനായി തുണിയും ആപ്പിള്‍ പുറത്തിറക്കിയെന്നാണ് ഒരു ഉപഭോക്താവിന്റെ പ്രതികരണം. കേവലം ഒരു തുണി 1,900 രൂപയ്ക്ക് വില്ക്കാന് മാത്രം ധൈര്യം ആപ്പിളിന് വന്നോ എന്ന് മറ്റൊരു ചോദ്യം.
പോളിഷിംഗ് ക്ലോത്ത് വിലയുടെ പേരില്‍ സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൊണ്ട് നിറയുകയാണ്.