കൊച്ചി: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമാക്കി വച്ചിരുന്ന വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍. വോട്ടെടുപ്പിനു നാലുനാള്‍ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്. ഇതുമൂലം പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂര്‍ത്തിയായിട്ടില്ല.
പല ജില്ലകളിലും യന്ത്രങ്ങള്‍ക്കു കേടുപാടുണ്ടെന്നു ബോധ്യമായതോടെ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി 9.30നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിങ് യന്ത്രങ്ങളും 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും കൊച്ചിയില്‍ എത്തിച്ചു. ഇവ ജില്ലകളിലേക്കു കൈമാറി അടിയന്തരമായി സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കാനാണ് നിര്‍ദേശം.
പുതുതായി കൊണ്ടുവന്ന വിവിപാറ്റ് യന്ത്രങ്ങള്‍ പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പാക്കാന്‍ ഹൈദരാബാദ് ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ കൊച്ചിയിലെത്തി. എറണാകുളം കലക്ടറേറ്റില്‍ പ്രത്യേക ക്യാംപ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ വന്‍ സുരക്ഷാ വലയം തീര്‍ത്താണ് കലക്ടറേറ്റില്‍ ഇവയുടെ പരിശോധന.
ഭൂരിഭാഗം ജില്ലകളിലും ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള യന്ത്രങ്ങള്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടങ്ങളില്‍ പല യന്ത്രങ്ങളും തകരാറിലായതിനാല്‍ റിസര്‍വില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങള്‍കൂടി എടുത്താണ് ബൂത്തുകളിലേക്കുള്ളവ സജ്ജമാക്കിയത്.ഇന്നലെ എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇന്നും നാളെയുമായി സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കല്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടികളാണ് കൈക്കൊള്ളുന്നത്. ഏതെങ്കിലും ബൂത്തില്‍ വോട്ടിങ്ങിനിടെ യന്ത്രം തകരാറിലായാല്‍ പകരം നല്‍കാനാണ് റിസര്‍വായി യന്ത്രം കരുതുന്നത്. ഇന്നലെ രാത്രി എത്തിച്ച യന്ത്രങ്ങള്‍കൂടി സജ്ജമാകുന്നതോടെ കുറ്റമറ്റ വോട്ടിങ് സാധ്യമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.