തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ച് കെ-റെയില്‍ പദ്ധതി. റെയിൽ മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ അഭിമാന പദ്ധതിയായാണ് സില്‍വര്‍ ലൈനിനെ നോക്കികാണുന്നത്. ഈ അതിവേഗറെയില്‍ പാതയുടെ ആകെ നീളം 530.6 ആണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വെറും നാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചെത്തൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. ആകെ 11 സ്റ്റേഷനുകളാണ് ഉള്ളത്.
ഒരു ട്രെയിനില്‍ 675 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ തയ്യാറാക്കുന്ന ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ യൂണിറ്റില്‍ ഒമ്ബത് കോച്ചുകള്‍ ഉണ്ടാവും. ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്താന്‍ ഒന്നരമണിക്കൂര്‍ മതിയെന്നതാണ് അതിവേഗ റെയില്‍പാതയുടെ ഏറ്റവും വലിയ ആകര്‍ഷണീയത.
പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ ഇതിനോടകം മാപ്പ് പ്രസിദ്ധീകരിച്ച് കഴിഞ്ഞു. സ്മാര്‍ട്ട് ഫോണില്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ മാപ്പിലാണ് പാതയുടെ അലൈന്മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്റെയും കൃത്യമായ വിവരങ്ങള്‍ മാപ്പിൽ വിശദീകരിച്ചിട്ടുണ്ട്.
keralarail.com എന്ന വെബ്സൈറ്റിലാണ് പാതയുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ട്രെയിനുകള്‍ സഞ്ചരിക്കുന്ന പാതയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ കെറെയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ കോറിഡോറിന്റെ അലൈന്മെന്റ് എന്ന പേരില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോട പ്രസിദ്ധീകരിച്ചിരിക്കുന്നത് ആര്‍ക്കും പരിശോധിക്കാം. ഓരോ സ്ഥലത്തെ കുറിച്ചും അന്വേഷിക്കാന്‍ ഇവിടെ സര്‍ച്ച് ബട്ടണും നല്‍കിയിട്ടുണ്ട്.