രാജ്യത്ത് നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിനും ടെലഗ്രാമിനും റഷ്യ പിഴയിട്ടു. മോസ്കോയിലെ കോടതിയാണ് പിഴ വിധിച്ചത്. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും (ഏകദേശം 1.7 കോടി രൂപ) ടെലഗ്രാമിന് 10 മില്ല്യൺ റൂബിളുമാണ് (ഏകദേശം ഒരു കോടി) പിഴ. എന്നാൽ ഏത് തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യാത്തതിനാണ് പിഴ വിധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇത് രണ്ടാം തവണയാണ് ഈ കമ്പനികൾക്ക് റഷ്യ പിഴ ഈടാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും പിഴ ഇട്ടിരുന്നു. റഷ്യൻ അധികൃതർക്കെതിരായ പോസ്റ്റുകൾ പിൻവലിക്കാത്തതിനാണ് മെയ് 25ആം തിയതി ഫേസ്ബുക്കിന് 26 മില്ല്യൺ റൂബിൾ പിഴ ഇട്ടത്. കഴിഞ്ഞ മാസം, പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനം പിൻവലിക്കാത്തതിന് ടെലഗ്രാമിനും 5 മില്ല്യൺ റൂബിൾ പിഴ വിധിച്ചത്.