ഗൂഗിള്‍ തങ്ങളുടെ ഡൂഡിലിലൂടെ നിരവധി മഹാന്മാരെ ആദരിക്കാറുണ്ട്. ഇന്ന് ഗൂഗിള്‍ ഡൂഡിലില്‍ വിസ്മയം തീര്‍ത്തിയിരിക്കുന്നത് നൊബേല്‍ സമ്മാന ജേതാവ് സര് ഡബ്ല്യൂ ആര്‍തര്‍ ലൂയിസിന്റെ ചിത്രവുമായാണ്. 1979ല്‍ ഇതേ ദിവസമാണ് ഇദ്ദേഹത്തിന് നൊബേല്‍ പുരസ്കാരം സമ്മാനിച്ചത്. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ആര്‍തര്‍ ലൂയിസ്. വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക ശക്തികളുടെ സ്വാധീനത്തെ കുറിച്ച് നടത്തിയ പഠനത്തിനായിരുന്നു ആര്‍തര്‍ ലൂയിസിന് നൊബേല്‍ സമ്മാനം ലഭിച്ചത്.
ആധുനിക വികസന സാമ്പത്തിക ശാസ്ത്രത്തിന്റെ തുടക്കക്കാരില്‍ ഒരാളായാണ് ആര്‍തര്‍ ലൂയിസിനെ കണക്കാക്കുന്നത്. പ്രീസ്റ്റണ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ എക്കണോമി പ്രൊഫസറായിരുന്നു ആര്‍തര്‍ ലൂയിസ്. രണ്ട് രാജ്യങ്ങളിലെ പൗരത്വം ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. സെന്റ് ലൂസ്യനിലെയും ബ്രിട്ടനിലെയും പൗരത്വമാണ് ആര്തറിനുണ്ടായിരുന്നത്. 1915 ജനുവരി 23ന് ജനിച്ച ആര്‍തര്‍ ലൂയിസ് 1991 ജൂണ്‍ 15ന് അന്തരിച്ചു.