ഫേസ്ബുക്ക് ഉണ്ടാക്കിയ തരംഗം അത്ര പെട്ടെന്നൊന്നും മറക്കാവുന്ന ഒന്നല്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവ രുന്നത് ഫേസ്ബുക്ക് പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹ മാധ്യമങ്ങളില്‍ ഒന്നായിരുന്നു ഫേസ്ബുക്ക്. ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫേസ്ബുക്കില്‍ ആളുകള്‍ ചെലവഴിക്കുന്ന സമയവും കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്കിന്റെ നീണ്ട പതിനെട്ട് വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിദിന സജീവ ഉപയോക്താക്കളില്‍ ഇത്രയും ഇടിവ് സംഭവിക്കുന്നത്. 1.930 ബില്യണില്‍ നിന്ന് 1.929 ബില്യണായി കുറഞ്ഞുവെന്ന് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ നെറ്റ്വര്‍ക്ക്സ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ അവസാനം വരെയുള്ള മൂന്ന് മാസങ്ങളിലെ ഡിഎയുയിലാണ് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്.
മുന്‍നിര സമൂഹ മാധ്യമങ്ങളായ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളില്‍ നിന്നുള്ള ശക്തമായ മത്സരം കാരണം ഫെയ്സ്ബുക്കില്‍ നിന്നുള്ള വരുമാന വളര്‍ച്ച മന്ദഗതിയിലാകുമെന്നും നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ നഷ്ടത്തില്‍ 240 ബില്യണ്‍ യുഎസ് ഡോളര്‍ അതായത് 18 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായത്. നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ 26.4% നഷ്ടം രേഖപ്പെടുത്തി.
കമ്പനിയുടെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത ആസ്തിയില്‍ 31 ബില്യണ്‍ ഡോളറിന്റെ കുറവാണ് വിപണിയിലെ തിരിച്ചടിയുടെ ഉണ്ടായിരിക്കുന്നത്. ഒരു ദിവസത്തില്‍ ഇത്രയും പണം നഷ്ടപെടുന്ന ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാണ് സക്കര്‍ബര്‍ഗ്.