തൃശൂര്‍: വ്യാജ പ്രൊഫൈല്‍ വഴി പണം തട്ടാനുള്ള ശ്രമത്തെ കൈയോടെ പിടികൂടി മുൻ ആദ്യപകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം മുന്‍ മേധാവി ഡോ. സെബാസ്റ്റ്യന്‍ ജോസഫ് ആണ് തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചയാളെ കുരുക്കിലാക്കിയത്.
ശിഷ്യനും ക്രൈസ്റ്റ് കോളജ് മുന്‍ ചെയര്‍മാനും ഇപ്പോള്‍ കൊച്ചിയില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് റീജനല്‍ മാനേജറുമായ ബിനോയ് ഫിലിപ്പിെന്റ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചാറ്റ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചത്. മാധ്യമങ്ങളില്‍ ഇത്തരം തട്ടിപ്പ് വാര്‍ത്തകള്‍ വന്നത് ഓര്‍ത്തും ശിഷ്യന് പണമാവശ്യപ്പെട്ട് മെസേജ് അയക്കില്ലെന്ന് അറിയാവുന്നതുകൊണ്ടും ജോസഫ് തട്ടിപ്പുകാരനോട് ചാറ്റ് ചെയ്തു. 25,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്. മുഷിപ്പിക്കാതെത്തന്നെ അത്ര പണം ഉണ്ടാവില്ലെന്നും കുറച്ച് സംഘടിപ്പിക്കാമെന്നും അറിയിച്ച് അയാളുടെ ഗൂഗ്ള്‍ പേ നമ്പര്‍ വാങ്ങിയെടുത്തു.
തുടർന്ന് നമ്പര്‍ പരിശോധിച്ചതില്‍ യു.പിയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി. ഇതോടെ താങ്കള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നും എന്ത് ചെയ്യുന്നുവെന്നുമുള്ള തിരിച്ചുള്ള ചോദ്യങ്ങളില്‍ തട്ടിപ്പുകാരന് പതറി. ഉടനെ മെസഞ്ചര്‍ ബ്ലോക്ക് ചെയ്ത് പോവുകയായിരുന്നു. ഐ.ടി വിദഗ്ധന്‍ കൂടിയായ സെബാസ്റ്റ്യന്‍ ജോസഫ് കൂടുതല്‍ പരിശോധിച്ചപ്പോള്‍ നിരവധി പേരോട് ഈ സമയത്തുതന്നെ അയാള്‍ പണം ആവശ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. സംഭവത്തിൽ പൊലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.