By- സായികൃഷ്ണ
4 വര്‍ഷം മുമ്പ് സാങ്കേതിക സര്‍വകലാശാലയ്ക്കെതിരായ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. സമരങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയായിരുന്ന സച്ചിന്‍ദേവ് തിരുവനന്തപുരത്ത് വരുമ്പോഴാണ് ആര്യയെ ആദ്യമായി കാണുന്നത്. സംഘടനാപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു രണ്ടാമത്തെ പരിചയപ്പെടല്‍. പിന്നീട് പലതവണ എസ്.എഫ്.ഐ ക്യാമ്പുകളില്‍ വച്ച് കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു. കൂടുതല്‍ അടുത്ത് കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ഒരുമിച്ച് ജീവിച്ചാലോയെന്ന് ഇരുവരും ചിന്തിക്കുകയായിരുന്നു. സച്ചിനാണ് പ്രണയം ആദ്യം തുറന്നുപറഞ്ഞത്.
ആര്യ: പ്രണയമെന്നൊരു ചിന്ത വന്നപ്പോള്‍ തന്നെ സച്ചിനേട്ടന് ആദ്യം പറഞ്ഞത് വീട്ടില്‍ സംസാരിക്കാമെന്നായിരുന്നു. ഞാന്‍ ആദ്യം എന്റെ ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സച്ചിനേട്ടന് വീട്ടില്‍ വരികയായിരുന്നു.
സച്ചിന്: ആര്യ മേയറാകുന്നതിനൊക്കെ മുമ്പാണിത്. ഇങ്ങനെയൊരു താത്പര്യമുണ്ടെന്നും മുന്നോട്ട് പോകാന്‍ ആലോചിച്ചാല്‍ എന്താണ് അഭിപ്രായമെന്നും ആര്യയുടെ വീട്ടുകാരോട് ഞാന്‍ ചോദിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ആര്യയുടെ അച്ഛന്റെ മറുപടി. ആര്യ തന്നെ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കി.ജീവിതമാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി അമ്മ സൂചിപ്പിച്ചു. അതിനുശേഷമാണ് ഞാന്‍ എന്റെ അമ്മയോട് കാര്യം പറഞ്ഞത്. അമ്മ വഴി പ്രണയം അച്ഛനും അറിഞ്ഞു.തദ്ദേശതിരഞ്ഞെടുപ്പ് വന്നതോടെ ആര്യ മത്സരിച്ച് മേയറായി.പിന്നീട് തിരക്കിന്റെ കാലമായിരുന്നു. സംസാരിക്കാന്‍ എപ്പോഴാണോ സമയം വന്നുചേരുന്നത് അപ്പോഴാണ് സംസാരിക്കുന്നത്.
ആര്യ: എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങള്‍ ഫോണില്‍ വിളിക്കും. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി ഔദ്യോഗികമായി പിന്തുണ നല്‍കുന്നുണ്ട്, അടുപ്പമായശേഷം എല്ലാക്കാര്യങ്ങളിലും വ്യക്തിപരമായി പിന്തുണ നല്‍കുന്നത് സച്ചിനേട്ടനാണ്.പൊളിറ്റിക്കല്‍ ഗൈഡന്‍സും ചേട്ടന് നല്‍കാറുണ്ട്.
സച്ചിന്: ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പാര്‍ട്ടി അനുമതിയെന്നത് മാദ്ധ്യമ വ്യാഖ്യാനമാണ്. പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്തത്. നമ്മുടെ രക്ഷിതാക്കളെപോലെയാണ് നേതാക്കള്‍ സംസാരിച്ചത്. സൗമ്യമായാണ് വിവിധ ചുമതല വഹിക്കുന്ന നേതാക്കള്‍ ഉപദേശങ്ങള്‍ നല്‍കിയത്. ഔദ്യോഗികമായി കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ രണ്ട് ജില്ലകളിലേയും പാര്‍ട്ടി സെക്രട്ടറിമാരുമായി സംസാരിച്ചിരുന്നു.
ആര്യ: പൊതുവെ എസ്.എഫ്.ഐക്കാരായ ആണ്‍കുട്ടികള്‍ ദേഷ്യക്കാരാണെന്ന് പറയാറുണ്ട്. അത് സത്യമല്ല . അപൂര്‍വ്വമായി ദേഷ്യപ്പെടുന്ന ആളാണ് സച്ചിനേട്ടന്. നമ്മളെ മനസിലാക്കുന്ന ആളാണ്.
സച്ചിന്: ആര്യ കാര്യങ്ങളെ വൈകാരികമായി കാണാറുണ്ട്. എന്താണോ മനസില്‍ തോന്നുന്നത് അത് പ്രകടിപ്പിക്കും. ഞാന്‍ നിയന്ത്രിച്ച് മാത്രമേ സംസാരിക്കാറുളളൂ. ശരിയെന്ന് തോന്നുന്നത് ആര്യ പറയും. നല്ല സ്വഭാവമാണത്. ഉളളില്‍ മറ്റൊന്നും വച്ചുകൊണ്ടല്ല ആര്യ ദേഷ്യപ്പെടുന്നത്. വിഷയത്തെപ്പറ്റി കൃത്യമായി പഠിച്ച് മാത്രമേ പ്രതികരിക്കാവൂവെന്ന് ആര്യയോട് പറഞ്ഞിട്ടുണ്ട്. പക്ഷെ വല്ലാതെ ഡയറക്ട് ചെയ്യാന്‍ ഞാന്‍ നിന്നിട്ടില്ല. രാഷ്ട്രീയവും ആശയവും ഇത് രണ്ടും മാത്രമാണ് ഞങ്ങള്‍ തമ്മിലുളള സാമ്യതകള്‍. മറ്റ് സാമ്യതകളൊന്നും ഞങ്ങള്‍ തമ്മിലില്ല.
സച്ചിന്: ചിങ്ങത്തില് കല്യാണം കാണും. തിരുവനന്തപുരത്ത് വച്ച് നടത്താനാണ് ആലോചിക്കുന്നത്. ഉചിതമായ സ്ഥലത്ത് വച്ച് നടത്തും. പാര്‍ട്ടി വിവാഹം എന്നൊരു വിവാഹമില്ല. പാര്‍ട്ടിക്ക് യോജിക്കാവുന്ന വിവാഹശൈലിയുണ്ടാകാം. മതാചരങ്ങളൊന്നും ഉണ്ടാകില്ല.
ആര്യ: മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ നിര്‍ബന്ധിക്കരുത്. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ല.
സച്ചിന്: ആരുടെയും കണ്ണുവെട്ടിച്ച് യാത്രകളൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് ആദ്യമേ വീട്ടില്‍ കാര്യം അവതരിപ്പിച്ചത്. എസ്.എഫ്.ഐ കമ്മിറ്റി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ചായ കുടിക്കാനൊക്കെ ഒരുമിച്ച് പോയിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. വിവാഹം കഴിഞ്ഞുളള യാത്രകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആര്യയുമുണ്ടാകുമല്ലോയെന്നത് സന്തോഷമാണ്.
ആര്യ: എപ്പോഴും സന്തോഷമുളള വീടാണ് സച്ചിനേട്ടന്റേത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം നല്ല തമാശ പറയും. എല്ലാവര്ക്കും സ്നേഹമാണ്.കോഴിക്കോടിന്റെ പ്രത്യേകതയാകും അത്. വീട് ഓക്കെയാണോ , ഞാന്‍ യോജിച്ച് പോകുമോയെന്നെല്ലാം സച്ചിനേട്ടന് ആദ്യമൊക്കെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ ചോദിക്കാറില്ല.
സച്ചിന്: ഞങ്ങള്‍ ഇതുവരെ ഒരുമിച്ച് സിനിമ കണ്ടിട്ടില്ല. ഞാന്‍ തീയേറ്ററില്‍ പോയി സിനിമകള്‍ സ്ഥിരമായി കാണാറില്ല.
ആര്യ: തമാശ സിനിമകളോടാണ് എനിക്കിഷ്ടം. എന്റെ അമ്മയും സച്ചിനേട്ടനുമൊന്നും അധികസമയം ഇരുന്ന് സിനിമയൊന്നും കാണാറില്ല.
സച്ചിന്: പ്രണയം വൈകാരികമായ അനുഭവമാണ്. ഞങ്ങള്‍ പ്രണയിച്ച് കൊണ്ടേയിരിക്കുകയാണ്. അതില്‍ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകും. ആര്യ വ്യക്തിപരമായ ഒരു തീരുമാനമെടുത്താല്‍ ഞാനത് അംഗീകരിക്കേണ്ടി വരും.
ആര്യ: ബീച്ചിലും മ്യൂസിയത്തും പോയിരിക്കുന്നത് മാത്രമല്ല പ്രണയം.
സച്ചിന്: പ്രണയത്തില്‍ എല്ലാം യെസ് ആയിരിക്കില്ല. ചിലയിടത്ത് നോ കൂടിയുണ്ടാകും.
നോയും യെസും ചേര്‍ന്നതാണ് പ്രണയം. ആര്യ പറയുന്ന നോയെ കൂടി അംഗീകരിക്കാന്‍ കഴിഞ്ഞാലേ എനിക്ക് ആര്യയെ സ്നേഹിക്കാന്‍ പറ്റുകയുളളൂ. പെണ്‍കുട്ടി നോ പറഞ്ഞാല്‍ അതുവരെ പ്രണയിച്ച ആണ്‍കുട്ടി അവളെ ആക്രമിക്കുകയാണ്. നോയും യെസും അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ശരിക്കും പ്രണയിക്കാന്‍ സാധിക്കുകയുളളൂ.
ആര്യ:സേവ് ദി ഡേറ്റിനെപ്പറ്റിയൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. അതിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടില്ല. പ്രവര്‍ത്തന മേഖലകള്‍ രണ്ട് ജില്ലയാണെന്നുളളത് വിവാഹശേഷം ബുദ്ധിമുട്ടാകില്ല.
വിവാഹശേഷം നിയമസഭാ സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയാല്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നാകുമോ ആര്യയുടെ വീട്ടില്‍ നിന്നാകുമോ നിയമസഭയിലേക്കുളള യാത്രയെന്ന സച്ചിനോടുളള ചോദ്യത്തോട് ആര്യ മറുപടി പറഞ്ഞു.’ ആര്യയുടെ വീടെന്നൊരു വീടില്ല. അതിനി സച്ചിനേട്ടന്റേയും കൂടി വീടാണ്…