കൊച്ചി: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി സന്നദ്ധ പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ നടിയുടെ വീടിന്റെ ആധാരം എടുത്തുനല്‍കി. മോളി കണ്ണമ്മാലിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഫിറോസ് കുന്നുംപറമ്പില്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മോളി കണ്ണമ്മാലിയുമൊത്ത് ഒരുമിച്ച് ആല്‍ബം ചെയ്യണമെന്ന ആഗ്രഹം ഫിറോസ് കുന്നുംപറമ്പില്‍ പ്രകടിപ്പിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മോശമാണെന്നും ഭേദമായ ഉടനെ ചെയ്യാമെന്നുമായിരുന്നു നടിയുടെ മറുപടി
മോളി കണ്ണമ്മാലിയുടെ പ്രശ്നങ്ങള്‍ മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളിച്ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സക്കും പണമില്ലതെ വന്നപ്പോഴും ഞങ്ങള്‍ സഹായിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന കാര്യം പറയുന്നതെന്നും ഫിറോസ് പറഞ്ഞു. ‘അന്നെന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മോളിച്ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മോളിച്ചേച്ചിയുടെ സന്തോഷം കണ്ടില്ലേ’ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. . ജനുവരി പത്തിനായിരുന്നു ശ്വാസ തടസ്സത്തെ തുടര്‍ന്ന് നടി മോളി കണ്ണമ്മാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന് വീട്ടില്‍ ബോധം കെട്ട് വീണതിന് പിന്നാലെയാണ് മോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.