ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം അണിയുന്ന ജേഴ്സി ബിസിസിഐ പുറത്തിറക്കി. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ജേഴ്സി പുറത്തിറക്കിയത്. എംപിഎല്‍ ആണ് ജേഴ്സിയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍. അടുത്ത മാസം ഓസ്ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്.
ഹര് ഫാന്‍ കി ജേഴ്സി എന്ന പേരിലാണ് എംപിഎല്‍ ജഴ്സി പുറത്തിറക്കല്‍ പരിപാടി സംഘടിപ്പിച്ചത്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കും പുതിയ ജേഴ്സിയായിരിക്കും അണിയുകയെന്നാണ് സൂചന.
ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്ററില്‍ ജേഴ്സിയുടെ ചിത്രം പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യയുടെ പുരുഷ വനിത ടീം അംഗങ്ങള്‍ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം. ഭാവിയില്‍ ഇന്ത്യയുടെ ട്വന്റി20 ജേഴ്സി ഇതായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബര്‍ 20 മുതലാണ് ഇന്ത്യ ഓസ്ട്രേലിയയുമായി ട്വന്റി20 പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരം പഞ്ചാബിലെ മൊഹാലിയിലാണ്.