ഗയാന: ഐസിസി വനിതാ ടി20 ലോകചാംമ്പ്യന്ഷിപ്പിന് ഇന്ന് തുടക്കമാകും. വെസ്റ്റ് ഇന്‍ഡീസാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. പത്ത് ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയ്ക്കും മത്സരമുണ്ട്.ഇന്ത്യയുടെ എതിരാളികള്‍ ഇന്ന് ന്യൂസിലന്‍ഡാണ്.ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. മൂന്ന് തവണ കിരീടമുയര്‍ത്തിയ ഓസ്ട്രേലിയ, ചിരവൈരികളായ പാക്കിസ്ഥാന്, ശക്തരായ ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്ക് പുറമെ കുഞ്ഞന്മാരായ അയര്‍ലന്‍ഡുമാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. സൂപ്പര്‍ താരം സ്മൃതി മന്ദാന, ഏകദിന നായിക മിതാലി രാജ് ഉള്‍പ്പടെയുള്ള വലിയ താരനിരയുമായാണ് ഇന്ത്യ ലോകകപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. കന്നി കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന് മുമ്ബ് 2009ലും 2010ലും സെമിഫൈനല്‍ വരെ എത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
2009ല്‍ നടന്ന ആദ്യ ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു കിരീട ജേതാക്കള്‍. പിന്നീട് മൂന്ന് തവണ അടുപ്പിച്ച് ഓസ്ട്രേലിയയുടെ തേരോട്ടമായിരുന്നു 2010, 2012, 2014 വര്‍ഷങ്ങളില്‍ കിരീടം കൊണ്ടുപോയത് ഓസ്ട്രേലിയ. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കരീബിയന്‍ വനിതകള്‍ കിരീടമുയര്‍ത്തി.എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് മുതല്‍ മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പില്‍ ഫൈനല്‍ വരെ എത്തി പൊരുതി വീണ ടീമിന് രാജ്യത്ത് ലഭിച്ചത് വിജയികളേക്കാള്‍ വലിയ സ്വീകരണമായിരുന്നു. പിന്നീടിങ്ങോട്ട് വനിതാ ക്രിക്കറ്റിന് ഇന്ത്യയില്‍ ഉണ്ടായ ജനപ്രീതിയും ആരാധക പിന്തുണയുമെല്ലാം ട്വന്റി-20 ലോകകപ്പിലും ടീമിന് ഊര്‍ജ്ജമായി മാറും.