ലഖ്നൗ: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി20 ഇന്ന് നടക്കും. 3 കളികളുടെ പരമ്പരയിലെ നിലനില്പിന് ഇന്നു ലക്നൗവിലെ ജയം ട്വന്റി20 ലോകചാംപ്യന്മാര്ക്ക് അനിവാര്യമാണ്.പേസും ബൗണ്‍സും കൊണ്ട് ആദ്യ ട്വന്റി20യില്‍ ഓഷെയ്ന്‍ തോമസ് തന്റെ കരീബിയന്‍ പൂര്‍വികരെ ഓര്‍മിപ്പിച്ചു. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് വിന്‍ഡീസ് നായകന് കാര്‍ലോസ് ബ്രാത്ത്വൈറ്റ് എറിഞ്ഞ ലെങ്ത് ബോളുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് വെള്ളം കുടിച്ചിരുന്നുവെങ്കിലും, ടെസ്റ്റ്, ഏകദിന പരമ്ബരകളിലേതുപോലെ തന്നെ ആദ്യ ട്വന്റി20യിലും വിന്‍ഡീസ് പൊരുതാതെ കീഴടങ്ങിയിരുന്നു.വിന്‍ഡീസ് ബാറ്റ്സ്മാന്മാര് അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ട്വന്റി20 പരമ്ബരയും ഇന്ത്യയ്ക്കു മുന്നില്‍ അടിയറ വച്ചാകും വിന്‍ഡീസിനു മടങ്ങേണ്ടിവരിക.
വിന്‍ഡീസ് പേസര്‍മാരുടെ ഷോട് ലെങ്ത് ബോളുകളെ ബാക്ഫുട്ടില് നേരിടാഞ്ഞതാണ് ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്കു വിനയായത്. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്കരിച്ചതിന്റെ ഭാഗമായി ഓവറില്‍ ഒരു ഓവറില്‍ ഒന്ന് എന്ന കണക്കില്‍ ബൗണ്‍സറുകളുടെ എണ്ണം ചുരുക്കിയതും ബാറ്റിങ്ങിനു ഹെല്‍മെറ്റ് വ്യാപകമാക്കിയതും വഴി ഷോട് ബോളുകളെ ബാക്ഫുട്ടില് നേരിടുന്ന ടെക്നിക് മിക്ക ബാറ്റ്സ്മാന്മാരും മറന്ന മട്ടാണ്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഓഷെയ്ന്‍ തോമസിനു പിന്തുണ നല്കാന് അതിവേഗക്കാരനായ മറ്റൊരു പേസര്‍ വിന്‍ഡീസിന് ഇല്ലാതെ പോയി, അതുകൊണ്ടാണ് മധ്യനിര ബാറ്റ്സ്മാന്മാര്ക്ക് ഇന്ത്യയെ വിജയിപ്പിക്കാനായത്. ദിനേശ് കാര്‍ത്തിക് ഒരിക്കല്‍ക്കൂടി ക്ലാസ് പ്രകടിപ്പിച്ച കളിയായിരുന്നു അത്. തന്നെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യയും പുറത്തെടുത്തത്.