കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. എഡ്ജ്ബാസ്റ്റണില് വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഓസീസിനോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ അയല്‍ക്കാരെ വീഴ്ത്തി ശക്തമായി തിരിച്ചെത്താന്‍ ലക്ഷ്യമിടുന്നു.
വേദി ഏതായാലും ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റിന്റെ ആവേശം ഒന്ന് വേറെ തന്നെയാണ് കായിക ലോകത്തിന്. എഡ്ജ്ബാസ്റ്റണിലെ തീപാറും പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം ദിവസങ്ങള്‍ക്ക് മുന്‍പേ വിറ്റുപോയി. ടിവിയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും കളി കാണാന്‍ കാത്തിരിക്കുന്നവരും ഏറെ.
ആദ്യ കളി തോറ്റ് തുടങ്ങിയതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. കരുത്തരായ ഓസ്ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു. നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യയാണ് മുന്നില്‍. ഇതുവരെ പോരടിച്ച 11 കളികളില്‍ ഒന്‍പതിലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് തവണ ജയം പാക്കിസ്ഥാനൊപ്പം നിന്നു. പതിവ് ഇന്ത്യ- പാക് പോരാട്ടങ്ങള്‍ പോലെ നല്ലൊരു മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.