വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവില്‍ പന്ത് ഉള്ളത്. താരത്തിന് എംആര്‍ഐ സ്കാന്‍ നടത്തി എത്തരത്തില്‍ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഋഷഭിന് നെറ്റിയില്‍ രണ്ട് മുറിവുകളുണ്ട്. വലത് കാല്‍മുട്ടില്‍ ലിഗമെന്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാല്, കാല്‍വിരല്‍ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.
അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്ന് വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് പുറത്ത് കടന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കീക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ അമിത വേഗത്തില്‍ എത്തിയ കാര്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
പൊലീസ് നല്കുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഈ മാസം ആദ്യം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഋഷഭ് പന്ത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ടി20 ഐ ടീമില്‍ നിന്ന് അദ്ദേഹത്തെ അടുത്തിടെ ഒഴിവാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡ് ഗവാസ്കര്‍ ട്രോഫിക്ക് മുന്നോടിയായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചേരേണ്ടതായിരുന്നു ഋഷഭ് പന്ത്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റിംഗിലും പന്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.