ഇന്ത്യക്ക് തിരിച്ചടിയായി ഉമേഷ് യാദവിനു പരുക്ക്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് ഇന്ത്യന്‍ പേസര്‍ പരുക്ക് പറ്റി മടങ്ങിയത്. തന്റെ നാലാം ഓവറിനിടെയായിരുന്നു താരത്തിന്റെ മടക്കം. രണ്ടാം ഓവറില്‍ തന്നെ ഓസീസ് ഓപ്പണര്‍ ജോ ബേണ്‍സിനെ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ച താരം മികച്ച ഫോമിലായിരുന്നു.
ഇന്നിംഗ്സിലെ എട്ടാം ഓവറിലെ റണ്ണപ്പിനിടെ മുട്ട് വേദനയെ തുടര്‍ന്ന് താരം ബൗളിംഗ് നിര്‍ത്തുകയായിരുന്നു. മുഹമ്മദ് സിറാജ് ആണ് പിന്നീട് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ വെച്ച് മുഹമ്മദ് ഷമിക്കും പരുക്കേറ്റിരുന്നു. ഷമിക്ക് പകരമാണ് സിറാജ് ടീമില്‍ ഇടം നേടിയത്. ഇഷാന്ത് ശര്‍മ്മയ്ക്കും പരുക്കാണ്.
അതേ സമയം, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ പൊരുതുകയാണ്. ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സ് ലീഡ് വഴങ്ങിയ ആതിഥേയര്‍ക്ക് രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ജോ ബേണ്‍സ് (0), മാര്‍നസ് ലെബുഷെയ്ന് (28), സ്റ്റീവ് സ്മിത്ത് (8) എന്നിവരാണ് പുറത്തായത്.