ടോക്യോ ഒളിമ്പിക്സ് നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാല്‍ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിമ്പിക്സ് കൊവിഡ് ബാധയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.
ഒളിമ്പിക്സ് നടത്തിയാല്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകള്‍ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയില്‍ പല കൊവിഡ് വകഭേദങ്ങള്‍ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കും. അതിന് ഒളിമ്പിക്സ് വകഭേദം എന്നാവും പേര്. അത് വലിയ ദുരന്തമായിരിക്കും. 100 വര്‍ഷം വരെ അതിന്റെ പേരില്‍ നമ്മള് പഴി കേള്‍ക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്സില്‍ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു. രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടര്‍ന്ന് 1988 ലെ സോള്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സില്‍ പങ്കെടുക്കാതെയിരിക്കുന്നത്.
ഒളിമ്പിക്സില്‍ വിദേശ കാണികളെ വിലക്കിയിരുന്നു. വിദേശ കാണികള്‍ ഒളിമ്പിക്സിനെത്തിയാല് കൊവിഡ് വ്യാപന ഭീഷണി വര്‍ധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും കൊവിഡ് ബാധ നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിദേശ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സുരക്ഷിതമായിരിക്കില്ല എന്നുമാണ് കണക്കുകൂട്ടല്‍.