റോയല്‍ ചാലഞ്ചേഴ്സ് ബംഗ്ലൂരു താരങ്ങളായ ആസ്ട്രേലിയയുടെ കെയിന്‍ റിച്ചാഡ്സണും ആദം സാമ്പയും ഐ.പി.എല്ലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ ആസ്ട്രേലിയയിലേക്ക് മടങ്ങുന്നു എന്നാണ് ആര്.സി.ബി അറിയിക്കുന്നത്.
ഈ സീസണില്‍ റിച്ചാര്ഡ്സണ് ആര്.സി.ബിക്കായി ഒരു മത്സരത്തില്‍ കളിച്ചിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞ റിച്ചാര്ഡ്സണ് 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. അതേസമയം ആദം സാമ്പക്ക് അവസരം ലഭിച്ചിരുന്നില്ല. ഡല്‍ഹി കാപ്പിറ്റല്‍സിന്റെ രവിചന്ദ്ര അശ്വിനും ടീം വിട്ടു. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാലായിരുന്നു അശ്വിന്റ പിന്മാറ്റം. അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും അശ്വിന് പങ്കുവെച്ചു. നേരത്തെ ബയോബബ്ള്‍ സംവിധാനം മടുത്തതിനാല്‍ രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണ് നാട്ടിലേക്ക് മടങ്ങിയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശനമായ ബയോ-‘ബിള്‍ നിയന്ത്രണങ്ങളിലാണ് ബി.സി.സി.ഐ ഐ.പി.എല്‍ സംഘടിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നതിനെതിരെ പ്രതികരിച്ച് ആസ്ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് രംഗത്ത് എത്തിയിരുന്നു. ഇന്ത്യ കടന്നു പോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍ ഇനിയും തുടരുന്നത് ശരിയാണോയെന്ന് ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.