വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര ബാറ്റിംഗുമായി മുംബൈ ഓപ്പണര്‍ പൃഥ്വി ഷാ. പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടിയ പൃഥ്വി ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് പൃഥ്വി. ഒപ്പം, വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡും പൃഥ്വി സ്വന്തം പേരില്‍ കുറിച്ചു.
2018ലാണ് വിജയ് ഹസാരെയിലെ ആദ്യ ഇരട്ടസെഞ്ചുറി കണ്ടത്. ഉത്തരാഖണ്ഡിന്റെ കരണ്‍ വീര്‍ കൗശല്‍ (135 പന്തുകളില്‍ 202) സിക്കിമിനെതിരെയാണ് ഈ റെക്കോര്‍ഡ് കുറിച്ചത്. 2019ല്‍ രണ്ട് പേര് കൂടി ഈ ലിസ്റ്റിലേക്കെത്തി. 154 പന്തില്‍ 203 റണ്‍സ് നേടിയ മുംബൈ കൗമാര താരം യശസ്വി ജയ്സ്വാളും 129 പന്തില്‍ 212 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണും. യശസ്വിയുടെ പ്രകടനം ഝാര്ഖണ്ഡിനെതിരെയും സഞ്ജുവിന്റെ പ്രകടനം ഗോവക്കെതിരെയുമായിരുന്നു.
പൃഥ്വി ഇന്ന് നേടിയത് പുറത്താവാതെ 227 റണ്‍സാണ്. 152 പന്തുകളില്‍ 31 ബൗണ്ടറിയും 5 സിക്സറുകളും അടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍ ഈ സ്കോറിലെത്തിയത്.
മത്സരത്തില്‍ മുംബൈ 233 റണ്‍സിന്റെ കൂറ്റന്‍ ജയം കുറിച്ചിരുന്നു. പൃഥ്വിക്കൊപ്പം 58 പന്തുകളില്‍ 133 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈ സ്കോര്‍ 457ലെത്തിച്ചു. ആദിത്യ താരെയും (56) മുംബൈ സ്കോറിലേക്ക് സംഭാവന നല്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരി 224 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.