ഇന്ത്യയ്ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയം. പത്ത് വിക്കറ്റിനാണ് പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പാകിസ്താനായി ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇന്ത്യന്‍ ബോളിങ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ 151 റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.
ഷഹീന് അഫ്രീദിയുടെ മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. അതേസമയം, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും റിഷഭ് പന്തിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട് സ്കോര്‍ സമ്മാനിച്ചത്. തുടക്കത്തില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് പാകിസ്താന് തുടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മയെയും മൂന്ന് റണ്‍സെടുത്ത കെ എല്‍ രാഹുലിനെയും സ്കോര്‍ രണ്ടക്കം കടക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയും സൂര്യകുമാര്‍ യാദവും പതിയെ ഇന്ത്യയെ 30 റണ്‍സ് കടത്തി.
സൂര്യകുമാറിനെയും നഷ്ടപ്പെട്ടതോടെ ഇന്ത്യ കൂടുതല്‍ പരുങ്ങലിലായി. എന്നാല്‍ പിന്നീടെത്തിയ റിഷഭ് പന്ത് പതിയെ താളം കണ്ടെത്തിയതോടെ സ്കോര്‍ ഉയര്‍ന്നു. 84 റണ്‍സില്‍ എത്തി നില്‍ക്കെ പന്തിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കോഹ്ലിയും ജഡേജയും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് 120 കടത്തി. പിന്നീട് കോഹ്ലിയുടെയും ഹര്‍ദിക്കിന്റെയും വിക്കറ്റ് നഷ്ടമായെങ്കിലും സ്കോര്‍ 150 കടന്നിരുന്നു. 57 റണ്‍സെടുത്ത് വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. പാകിസ്താനായി ഷഹീന് അഫ്രീദി മൂന്നും ഹസന് അലി രണ്ടുവിക്കറ്റും നേടിയപ്പോള്‍ ഷദാബ് ഖാനും ഹാരിസ് റാഫ് ഓരോ വിക്കറ്റുകളും നേടി.