ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സെര്‍ബിയയാണ് എതിരാളികള്‍. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ് ബെക്കര്‍. മുന്നില്‍ ഇരുമെയ്യും ഒരുമനസുമായി സില്‍വയും മാര്‍ക്വീഞ്ഞോസും. ആക്രമിച്ചും പ്രതിരോധിച്ചും കയറിയിറങ്ങാന്‍ ഡാനിലോയും അലക്സാന്‍ഡ്രോയും. കൊടുങ്കാറ്റായും പര്വതമായും രൂപാന്തരം കൊള്ളുന്ന കസെമീറോ. പതാക വാഹകനായി സുല്‍ത്താന്‍ നെയ്മര്‍. സെര്‍ബിയന്‍ കോട്ട പൊളിക്കാന്‍ മുന്നില്‍ റിച്ചാലിസനും വിനീഷ്യസും റഫീഞ്ഞയും. അല്‍പമൊന്നുലഞ്ഞാല്‍ പടച്ചട്ടയണിഞ്ഞ് കാത്തിരിക്കുന്ന ആന്റണിയും റോഡ്രിഗോയും ജീസസും പെഡ്രിയും. വിഭവങ്ങളുടെ അക്ഷയ ഖനിയാണ് ബ്രസീലിന്റെ ആവനാഴി.
യൂറോപ്പില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി ഒന്നാമന്റെ തലയെടുപ്പോടെയാണ് സെര്‍ബിയ വരുന്നത്. ഏത് പ്രതിരോധവും തകര്‍ക്കാനും ഏത് ആക്രമണത്തിന്റെയും മുനയൊടിക്കാനും കെല്‍പ്പുള്ളവര്‍. വാഴ്ത്തുപാട്ടുകള്‍ക്കൊത്ത പെരുമ പുറത്തെടുത്തില്ലെങ്കില്‍ അയല്‍ക്കാരായ അര്‍ജന്റീനയുടെ അതേ ഗതിയാകും ബ്രസീലിനും. സെര്‍ബിയയുമായി ഇതുവരെ ബ്രസീല്‍ ഏറ്റുമുട്ടിയത് രണ്ട് തവണയാണ്.
രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം. ഖത്തര്‍ ലോകകപ്പില്‍ ആദ്യ അങ്കത്തിനിറങ്ങുന്ന ഇരുടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കാനാണ് സാധ്യത.