ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഥമ കിരീടം ന്യൂസീലന്‍ഡിന്. പൂര്‍ണമായും മഴ മാറി നിന്ന റിസര്‍വ് ദിനത്തില്‍ ഇന്ത്യ മുന്നോട്ടു വച്ച 139 റണ്‍സിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍, 7.1 ഓവറുകള്‍ ബാക്കിനിര്‍ത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ടെയ്ലറും വില്ല്യംസണും ചേര്‍ന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസണ് 52 റണ്‍സെടുത്തപ്പോള്‍ ടെയ്ലര് 47 റണ്‍സ് നേടി. ഇന്ത്യക്കായി ആര് അശ്വിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലന്‍ഡിന്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.
അനായാസമായിരുന്നു ന്യൂസീലന്‍ഡിന്റെ കിരീട ധാരണം. ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ കീഴടക്കി ഫൈനലിലെത്തി, ഫൈനലില്‍ ഇംഗ്ലണ്ടിനോട് നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടതിന്റെ നിരാശ കഴുകിക്കളയുന്ന വിജയമായി ഇത്. നിര്‍ണായക മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന ടീമിലെ രണ്ട് സീനിയര്‍ താരങ്ങള്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യ പൂര്‍ണമായും ബാക്ക്ഫൂട്ടിലായിക്കഴിഞ്ഞിരുന്നു. എവേ ടെസ്റ്റുകളിലെ മോശം പ്രകടനം കഴുകിക്കളഞ്ഞ നായകന് കെയിന്‍ വില്ല്യംസണിന്റെ ഫോം കിവീസിന്റെ ആത്മവിശ്വാസത്തിന്റെയും വിജയദാഹത്തിന്റെയും ഉദാഹരണമായി.
53 ഓവറില്‍ 139 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡിനായി ഓപ്പണര്‍മാരായ ടോം ലാതവും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സാണ് കണ്ടെത്തിയത്. ലാതമിനെ (9) പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. അശ്വിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനൊരുങ്ങിയ ലാതമിനെ പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 11 റണ്‍സ് എടുക്കുന്നതിനിടെ കോണ്‍വേയും മടങ്ങി. 19 റണ്‍സെടുത്ത താരത്തെ അശ്വിന് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച വില്ല്യംസണും ടെയ്ലറും വിജയലക്ഷ്യം കൃത്യമായി മനസ്സിലാക്കി ബാറ്റ് വീശി. വിജയലക്ഷ്യത്തിലേക്ക് 6 റണ്‍സ് മാത്രം ആവശ്യമായിരിക്കെ വില്ല്യംസണ് ഫിഫ്റ്റി നേടി. 46ആം ഓവറില്‍ അഞ്ചാം പന്തില്‍ മുഹമ്മദ് ഷമിക്കെതിരെ ബൗണ്ടറി നേടിയ റോസ് ടെയ്ലറാണ് കിവീസിനെ വിജയതീരമണച്ചത്. ഇരുവരും ചേര്‍ന്ന് വിക്കറ്റില്‍ അപരാജിതമായ 96 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.