രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ഗൗതം ഗംഭീര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് മുന്‍ ഓപ്പണര്‍ കൂടിയായ ഗംഭീര്‍ മലയാളി താരത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. മുന്‍പും പലതവണ ഗംഭീര്‍ സഞ്ജുവിനെ പുകഴ്ത്തിയിരുന്നു.
‘ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല, ഏറ്റവും മികച്ച യുവതാരം തന്നെയാണ് സഞ്ജു സാംസണ്. ആരെങ്കിലും വാഗ്വാദത്തിനുണ്ടോ?’- തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഗംഭീര്‍ ചോദിക്കുന്നു.
ചെന്നൈക്കെതിരെ വിസ്ഫോടനാത്മക ബാറ്റിംഗാണ് സഞ്ജു കാഴ്ച വെച്ചത്. വെറും 32 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും 9 സിക്സറുകളും സഹിതം 74 റണ്‍സെടുത്താണ് താരം മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ താരം, ലുങ്കിസാനി എങ്കിഡിയുടെ പന്തില്‍ ദീപക് ചഹാര്‍ പിടിച്ചാണ് പുറത്തായത്.
ഇന്ത്യന്‍ ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യയുടെ ടി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം സഞ്ജു. മൃദുവായ കൈകളും വേഗതയേറിയ പാദങ്ങളും വിവേകമുള്ള തലച്ചോറുമാണ് തങ്കള്‍ക്ക്. ഒരുപാട് നാളത്തെ കടം തീര്‍ക്കാനില്ലേ, പോയി അടിച്ചു തകര്‍ക്ക് സഞ്ജു.’- ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.