മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നും താരത്തെ ലോകകപ്പ് ടീമില്‍ പരിഗണിക്കുമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ശ്രീലങ്കക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്.
അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു എന്ന് രോഹിത് പറഞ്ഞു. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഇന്നിങ്സ് സഞ്ജുവില്‍ നിന്ന് നമ്മള് കണ്ടിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് അദ്ദേഹത്തിലുണ്ട്. അതാണ് ഇവിടെ പ്രധാനം. കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. ആ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുക എന്നത് സഞ്ജുവിന്റെ കയ്യിലാണ്. ടീം മാനേജ്മെന്റ് എന്ന നിലയില്‍ അദ്ദേഹത്തില്‍ ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള കഴിവ് ഞങ്ങള്‍ കാണുന്നു. ഞങ്ങള്‍ക്കായി അദ്ദേഹം കളിക്കുമ്പോള്‍ അദ്ദേഹത്തിന് ആ ആത്മവിശ്വാസം നല്കാന് ശ്രമിക്കും. ലോകകപ്പ് ടീമില്‍ സഞ്ജുവിനെ പരിഗണിക്കുന്നുണ്ട്.
അതുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ ബാക്ക്ഫൂട്ടിലെ കളി വിസ്മയിപ്പിക്കുന്നതാണ്. ഐപിഎലില്‍ നിങ്ങള്‍ കണ്ടിട്ടുള്ള ചില ഷോട്ടുകള്‍, പിക്കപ്പ് പുള്‍, കട്ട് ഷോട്ട്, ബൗളറുടെ തലയ്ക്ക് മുകളിലൂടെയുള്ള ഷോട്ടുകളൊക്കെ കളിക്കാന്‍ ബുദ്ധിമുട്ടാണ്. ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍ അത്തരം ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ് വേണ്ടത്. അത് സഞ്ജുവിലുണ്ട്.”- രോഹിത് പറഞ്ഞു.
നാളെ മുതലാണ് ശ്രീലങ്ക- ഇന്ത്യ പരിമിത ഓവര്‍ പരമ്പരകള്‍ ആരംഭിക്കുക. പരമ്പരയില്‍ സൂര്യകുമാര്‍ യാദവും ദീപക് ചഹാറും കളിക്കില്ല. പരുക്കേറ്റ ഇരുവരും പരമ്പരകളില്‍ നിന്ന് പുറത്തായതായി ബിസിസിഐ അറിയിച്ചു. കയ്യില്‍ പരുക്കേറ്റതാണ് സൂര്യകുമാര്‍ യാദവിനു തിരിച്ചടിയായത്. ചഹാറിന്റെ തുടയ്ക്കാണ് പരുക്ക്.
ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെഎല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു.
മുന്‍ നായകന് വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് ട്വന്റി-20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ട്വന്റി-20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് രണ്ട് ടീമുകളിലും ഇടംപിടിച്ചു.
മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.