അവസാന ഓവര്‍ വരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് സീസണിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. തോല്‍വിയോടെ ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്തായി. ഇതോടെ ബാംഗ്ലൂര്‍ പ്ലേഓഫിലെത്തി. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന് റോയല്‍സ്, ലക്നൗ സൂപ്പര്‍ ജെയിന്റ്സ് എന്നിവരാണ് പ്ലേഓഫിലെത്തിയ മറ്റു ടീമുകള്‍.
160 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ഇഷാന് കിഷന് (48) മികച്ച തുടക്കം നല്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് റണ്‍സിന് പുറത്തായതൊഴിച്ചാല്‍ പിന്നീട് വന്നവരെല്ലാം ടീമിനായി പൊരുതി. ബ്രെവിസ് (37), ടിം ഡേവിഡ് (34) തിലക് വര്‍മ 21 റണ്‍സും നേടി.
ഡല്‍ഹിക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും നോര്‍ട്ജെ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 14 മത്സരങ്ങളില്‍ നിന്ന് നാല് ജയവുമായി പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈ ഇത്തവണ പ്ലേ ഓഫ് കാണാതായാണ് പുറത്താവുന്നത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹി നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തത്. ക്യാപ്റ്റന്‍ റിഷഭ് പന്തും റോവ്മാന്‍ പവലും നടത്തിയ പ്രകടനമാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. സ്കോര്‍ 21ല്‍ എത്തി നില്‍ക്കെ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ മിച്ചല്‍ മാര്‍ഷ് പൂജ്യനായി മടങ്ങിയതോടെ ഡല്‍ഹി കൂടുതല്‍ പരുങ്ങലിലായി.
സ്കോര്‍ 31 ല്‍ എത്തി നില്‍ക്കെ ഓപ്പണര്‍ പൃഥിഷായും പുറത്തായതോടെ ടീം പൂര്‍ണമായും തകര്‍ച്ചയിലേക്ക് വീഴുകയാണെന്ന് തോന്നിയെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തും റോവ്മാന്‍ പവലും കരകയറ്റുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ കൂറ്റനടിക്ക് ഡല്‍ഹി താരങ്ങള്‍ മുതിര്‍ന്നെങ്കിലും സ്കോര്‍ 159 ല്‍ എത്തിക്കാനേ സാധിച്ചുള്ളൂ. മുംബൈക്കായി ബുംറ മൂന്നും രമണ്‍ദീപ് സിങ് രണ്ടും ഡാനിയേല്‍ സാംസ്, മയാങ്ക് മാര്ക്കഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.